صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Friday, 12 September 2025

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ 126_134

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ
1️⃣2️⃣6️⃣ _ 1️⃣3️⃣4️⃣
كتاب العلم
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോ പ്ലേ ലിസ്റ്റ്:
 (بدء الوحي _ ايمان)
 https://shorturl.at/fvJC4
العلم
https://shorturl.at/Nexif
ബ്ലോഗ്സ്
بدء الوحي 
ഹദീസ് 1-7
https://shorturl.at/RRCN8
الإيمان 
ഹദീസ് 8-30
https://shorturl.at/Wm9Tf
الإيمان
ഹദീസ് 31 - 45
https://shorturl.at/epMba
ഹദീസ് 46-58
https://kntn.ly/f5c3ab08
العلم
ഹദീസ് 59 -93
https://kntn.ly/dd7c60ab
العلم
ഹദീസ് 94 -125
https://kntn.ly/de786b79
_______________________

بَابُ مَنْ تَرَكَ بَعْضَ الاِخْتِيَارِ مَخَافَةَ أَنْ يَقْصُرَ فَهْمُ بَعْضِ النَّاسِ عَنْهُ فَيَقَعُوا فِي أَشَدَّ مِنْهُ
ചില ആളുകൾ‌ കാര്യങ്ങൾ  ഗ്രഹിക്കാതെ  കൂടുതൽ‌ അപകടകരമായ  കാര്യങ്ങളിൽ‌ അകപ്പെടുമെന്ന് ഭയന്ന്‌ ചില ശ്രേഷ്ഠകരമായ  കാര്യങ്ങൾ‌ ഉപേക്ഷിക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣6️⃣
١٢٦ - حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى، عَنْ إِسْرَائِيلَ، عَنْ أَبِي إِسْحَاقَ، عَنْ الْأَسْوَدِ قَالَ: قَالَ لِي ابْنُ الزُّبَيْرِ: كَانَتْ عَائِشَةُ تُسِرُّ إِلَيْكَ كَثِيرًا، فَمَا حَدَّثَتْكَ فِي الْكَعْبَةِ؟ قُلْتُ: قَالَتْ لِي: قَالَ النَّبِيُّ ﷺ: يَا عَائِشَةُ، لَوْلَا قَوْمُكِ حَدِيثٌ عَهْدُهُمْ - قَالَ ابْنُ الزُّبَيْرِ: بِكُفْرٍ - لَنَقَضْتُ الْكَعْبَةَ، فَجَعَلْتُ لَهَا بَابَيْنِ: بَابٌ يَدْخُلُ النَّاسُ، وَبَابٌ يَخْرُجُونَ، فَفَعَلَهُ ابْنُ الزُّبَيْرِ.[الحديث ١٢٦ - أطرافه في: ٧٢٤٣، ٤٤٨٤، ٣٣٦٨، ١٥٨٥، ١٥٨٤، ١٥٨٣]
ആശയ വിവർത്തനം :

അസ്വദ്(റ) വിൽ നിന്ന്  നിവേദനം:  അബ്ദുല്ലാഹിബ്നു സ്സുബൈര്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുണ്ടായി: "ആഇശ(റ) താങ്കളോട് ധാരാളം രഹസ്യങ്ങൾ പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച് അവര്‍ എന്താണ് താങ്കളോട് പറഞ്ഞിട്ടുള്ളത്❓" ഞാന്‍ പറഞ്ഞു: അവര്‍ എന്നോട് പറഞ്ഞു: "നബി (ﷺ) ഒരിക്കല്‍ പറഞ്ഞു: ഹേ! ആഇശാ! നിന്റെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍ ( അടുത്ത് കുഫ്ർ വിട്ടു ഇസ്ലാം സ്വീകരിച്ചവർ അല്ലായിരുന്നെങ്കിൽ)  കഅ്ബ ഞാന്‍ പൊളിക്കുകയും എന്നിട്ട് അതിന് രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും (അതായത് ഇബ്രാഹിം നബിയുടെ കാലത്ത് ഉള്ളത് പോലെ ആക്കുമായിരുന്നു). അതിനാൽ അബ്ദുല്ലാഹിബ്നു സ്സുബൈര്‍ അതു ചെയ്യുകയുണ്ടായി.
🌷🌷🌷🌷🌷
ലഘു വിവരണം:

അബ്ദുല്ലാഹിബ്നു സ്സുബൈർ ( റ ) ന് നേരിട്ട് തന്നെ ആഇശ ( റ ) ൽ നിന്ന് ഈ വിവരം ലഭിച്ചിരുന്നു എന്ന് ചില റിപ്പോട്ടുകളിൽ സൂചനയുണ്ട്. എന്നാൽ മറ്റൊരാളിൽ നിന്ന് കൂടി അത് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു അസ്വദിനോട് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

ഇബ്രാഹീം നബി (അ) യുടെ കാലത്ത് രണ്ട് വാതിലുകൾ ആണുണ്ടായിരുന്നത്. എന്നാൽ ഖുറൈശികൾ നബി (ﷺ) യുടെ ആഗമനത്തിന് മുമ്പ് കഅബ പുന: നിർമ്മിച്ച് ചില മാറ്റങ്ങൾ വരുത്തി. കഅബ പൊളിച്ച്  ഇബ്രാഹീം നബി (അ) യുടെ കാലത്ത് ഉണ്ടായിരുന്ന രീതിയിലേക്ക് മാറ്റണമെന്ന് നബി (ﷺ)ക്ക് ഉണ്ടായിരുന്ന ആഗ്രഹമാണ് അവിടുന്ന് ആഇശ ( റ ) യോട് പങ്ക് വച്ചത്.

എന്നാൽ , സ്വഹാബാക്കളിൽ പലരും അടുത്ത് ഇസ്ലാം സ്വീകരിച്ചവർ ആയിരുന്നതിനാൽ കഅബയിൽ അത്തരമൊരു മാറ്റം വരുത്തുന്നത് പ്രശ്നമുണ്ടാക്കുമോ എന്ന് നബി( ﷺ) ക്ക് ആശങ്ക ഉണ്ടായിരുന്നതിനാൽ അവിടുന്ന് അങ്ങനെ ചെയ്തില്ല.

എന്നാൽ , ആ അശങ്ക നീങ്ങിയപ്പോൾ പിൽക്കാലത്ത് അബ്ദുല്ലാഹി ബ്നു സുബൈർ (റ) മക്കയിൽ അമീർ ആയപ്പോൾ, നബി (ﷺ) പണ്ട് ആഗ്രഹിച്ചിരുന്നത് പോല കഅബ പൊളിച്ച്, ഇബ്രാഹിം നബി (അ )യുടെ കാലത്തെ അടിത്തറയിൽ തന്നെ പുന:നിർമ്മിക്കുകയും കിഴക്ക് ഭാഗത്ത് ഒരു എൻട്രൻസും പടിഞ്ഞാറ് ഭാഗത്ത് എക്സിറ്റുമായി രണ്ട് വാതിലുകൾ നിർമ്മിക്കുകയും ചെയ്തു.

എന്നാൽ, ഖലീഫ  അബ്ദുൽ മലിക് ബ്നു മർവാൻ്റെ ഭരണ കാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ അയാളുടെ ഉത്തരവ് പ്രകാരം അയാളുടെ ഗവർണർ ഹജ്ജാജു ബ്നു യൂസുഫ് എന്ന ഭരണാധികാരി അബ്ദുല്ലാഹി ബ്നു സുബൈർ ( റ ) നെ വധിച്ചിരുന്നല്ലോ. അബ്ദുല്ലാഹി ബ്നു സുബൈർ ( റ ) കഅബയിൽ ഈ മാറ്റം വരുത്തിയത് നബി ( ﷺ) യുടെ ആഗ്രഹ പ്രകാരമായിരുന്നു എന്ന് മനസ്സിലാക്കാതെ കഅബയെ ഖുറൈശികളുടെ കാലത്ത് ഉള്ള പോലെ അയാൾ മാറ്റിപ്പണിതു. എന്നാൽ ഹാരിസു ബ്നു അബ്ദില്ലാഹ് എന്നവരുടെ സംസാരത്തിൽ നിന്ന്  നബി (ﷺ) യുടെ ആഗ്രഹപ്രകാരമാണ് അബ്ദുല്ലാഹി ബ്നു സ്സുബൈർ കഅബയിൽ മാറ്റങ്ങൾ വരുത്തിയത് എന്നറിഞ്ഞപ്പോൾ അയാൾക്ക് ഖേദമുണ്ടായെങ്കിലും വീണ്ടും കഅബയെ പഴയ രൂപത്തിലേക്ക് മാറ്റുന്നത് ജനങ്ങൾ ഇഷ്ടപെടില്ലെന്ന് മനസ്സിലാക്കി അയാൾ അതിന് മുതിർന്നില്ല.

*ഈ ഹദീസിലെ പ്രധാന പാഠം :*

*ഒരു വലിയ തിന്മ ഒഴിവാക്കാൻ വേണ്ടി അല്ലെങ്കിൽ ഒരു വലിയ തിൻമ ഉണ്ടായേക്കുമെന്ന് ഭയന്ന് ശ്രേഷ്ഠകരമായതും എന്നാൽ ഉപേക്ഷിക്കൽ ഹറാമുമല്ലാത്ത ഒരു കാര്യം ഉപേക്ഷിക്കാവുന്നതാണ്*

باب مَنْ خَصَّ بِالْعِلْمِ قَوْمًا دُونَ قَوْمٍ كَرَاهِيَةَ أَنْ لاَ يَفْهَمُوا
ചില കാര്യങ്ങൾ ചിലർക്ക്  മനസ്സിലാക്കാൻ സാധിക്കില്ലെന്ന കാരണത്താൽ അത് മനസ്സിലാകുന്നവരെ മാത്രം പ്രത്യേകം അറിയിക്കൽ സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ്1️⃣2️⃣7️⃣
وَقَالَ عَلِيٌّ : حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللَّهُ وَرَسُولُهُ؟ حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى ، عَنْ مَعْرُوفِ بْنِ خَرَّبُوذٍ ، عَنْ أَبِي الطُّفَيْلِ ، عَنْ عَلِيٍّ بِذَلِكَ.
അബൂ ത്വുഫൈല്‍(റ) നിവേദനം: അലി(റ) പറഞ്ഞു: ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍; അല്ലാഹുവും അവന്റെ റസൂലും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ❓
🌷🌷🌷🌷🌷
ലഘു വിവരണം :

ഈ ഹദീസ് ഒരു നബവീ ഹദീസ് / നബി വചനം  അല്ല. അലി (റ) ൽ നിന്നുള്ള ഒരു അസർ ( اثر) ആണ്.

ഇത് അലി (റ ) ൽ നിന്ന് റിപ്പോർട്ട് ചെയ്ത അബൂ ത്വുഫൈൽ ആമിറു ബ്നു വാസില അല്ലൈസീ (റ) യും സ്വഹാബി ആണ്. അദ്ദേഹമാണ് അവസാനം മരിച്ച സ്വഹാബി എന്ന് പറയപ്പെടുന്നു.

ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിഷയങ്ങൾ ആവശ്യമില്ലാതെ പൊതു ജനത്തിന് മുമ്പിൽ ഇട്ട് ചർച്ചയാക്കരുത്
. എന്നാൽ ഒരു വിഷയം ചർച്ചയായി ക്കഴിഞ്ഞാൽ അതിൻ്റെ യാഥാർഥ്യം  ജനങ്ങൾക്ക് വ്യക്തമാക്കി കൊടുക്കണം.

ചിലയാളുകളിൽ നിന്ന് ചില വിവരങ്ങൾ മറച്ച് വയ്ക്കലാണ് നല്ലത്. എന്നാൽ അതേ വിവരങ്ങൾ നിർഭയത്വമുണ്ടെങ്കിൽ മറ്റു ചിലരോട് പങ്കു വയ്ക്കാം.

അലി (റ) ഈ പറഞ്ഞ അതേ ആശയം ഇബ്നു മസ്ഊദ് (റ)വും പറഞ്ഞതായി സ്വഹീഹു മുസ്ലിമിൽ കാണാം. അദ്ദേഹം പറഞ്ഞു :
مَا أَنْتَ بِمُحَدِّثٍ قَوْمًا حَدِيثًا لاَ تَبْلُغُهُ عُقُولُهُمْ إِلاَّ كَانَ لِبَعْضِهِمْ فِتْنَةً
ആശയം :
ആളുകളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ചില ഹദീസുകൾ ചിലയാളുകൾക്ക് പറഞ്ഞ്  കൊടുത്ത് ഫിത്ന ഉണ്ടാക്കരുത്.

ഉദാഹരണത്തിന് ഹുദൈഫ (റ), ഹസൻ ( റ ) എന്നിവർ ഉറൈനികളുടെ കഥ പറയുന്ന ഹദീസ്,അബ്ദുല്ലാഹിബ്നു സുബൈർ (റ) നെ വധിച്ച ഹജ്ജാജു ബ്നു യൂസുഫ് എന്ന ധിക്കാരിയായ ഭരണാധികാരിക്ക് പറഞ്ഞ് കൊടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. 

*എന്താണ് ഉറൈനികളുടെ കഥ❓*
(قِصَّة الْعُرَنِيِّينَ)
ഇതിൻ്റെ ഒരു ലുഘു വിവരണം ചുവടെ ചേർക്കുന്നു :

ഉറൈന അല്ലെങ്കിൽ ഉകൽ ഗോത്രത്തിലെ (അമുസ്ലിംകളായ) ഒരു സംഘം മദീനയിൽ വന്നു (പ്രത്യക്ഷത്തിൽ) ഇസ്ലാം സ്വീകരിച്ചു. മദീനയിലെ കാലാവസ്ഥ അവർക്ക് പിടിച്ചില്ല. അവരുടെ ശാരീരികാസ്വസ്ഥ്യവും പ്രയാസങ്ങളും നീങ്ങുന്നതിനായി നബി (ﷺ) അവിടുത്തെ ഇടയൻ്റെ അടുത്തേക്ക് ഒട്ടകത്തിൻ്റെ പാലും മൂത്രവും (ഇത് രണ്ടും മരുന്നാണ്) കുടിക്കുന്നതിനായി പറഞ്ഞു വിട്ടു. അവർ അപ്രകാരം ചെയ്യുകയും രോഗ വിമുക്തി നേടുകയും ചെയ്തു. എന്നാൽ രോഗമുക്തി നേടിയപ്പോൾ അവർ ഇസ്ലാം ഉപേക്ഷിച്ചു. എന്ന് മാത്രമല്ല; അവർക്ക് ഉപകാരം ചെയ്ത നബി (ﷺ)യുടെ ഇടയനെ വധിക്കുകയും മുഴുവൻ  ഒട്ടകങ്ങളെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ നബി (ﷺ) ഉത്തരവിട്ടത് പ്രകാരം അവരെ പിടി കൂടി കടുത്ത ശിക്ഷ നൽകി. അവരുടെ കൈ കാലുകൾ മുറിച്ചു. ചുട്ടുപഴുത്ത ഇരുമ്പ് കൊണ്ട് അവരുടെ കണ്ണുകൾ ചൂഴ്ന്നു. അവരെ അൽ ഹർറ പ്രദേശത്ത് ഉപേക്ഷിച്ചു. അവർ വെള്ളം ചോദിച്ചപ്പോൾ കൊടുത്തില്ല. അങ്ങനെ അവിടെ കിടന്ന് ആ ക്രൂരൻമാർ മരിച്ചു.

ഇതാണ് ഉറൈനികളുടെ അല്ലെങ്കിൽ ഉകലികളുടെ കഥ എന്നറിയപ്പെടുന്നത്. വളരെ അപൂർവമായ ഒരു സംഭവമാണിത്. ഇസ്ലാം സ്വീകരിക്കുന്നതായി ഭാവിച്ച് ആനുകൂല്യങ്ങൾ നേടിയ ശേഷം മുർതദ്ദുകളാവുകയും സഹായിച്ച ഇടയനെ വധിക്കുകയും മുസ്ലിംകളുടെ സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതിനാൽ ഇത്തരക്കാർക്ക് ശക്തമായ ഒരു പാഠമാവട്ടെ എന്ന നിലയിലാണ് നബി (ﷺ) ഇത്തരം കടുത്ത ഒരു ശിക്ഷാ രീതി അവരുടെ കാര്യത്തിൽ സ്വീകരിച്ചത്. അതേ സമയം, നബി (ﷺ)  പല ശത്രുക്കൾക്കും  മാപ്പ് നൽകിയതായി എത്രയോ റിപ്പോർട്ടുകൾ നമുക്ക് കാണാം.

മുകളിൽ സൂചിപ്പിച്ച ഉറൈനികളുടെ കഥ ഉൾക്കൊള്ളുന്ന ഹദീസ്  ധിക്കാരിയായ ഭരണാധികാരി  ഹജ്ജാജു ബ്നു യൂസുഫിന് പറഞ്ഞ് കൊടുക്കുന്നത് അയാളുടെ അന്യായമായ രക്തച്ചൊരിച്ചിലിന് ന്യായീകരണമായി അയാൾ ദുർവ്യാഖ്യാനിച്ചേക്കും എന്ന് ഭയന്നാണ് ചില മുഹദ്ദിസുകൾ അയാൾക്ക് അത്തരം ഹദീസുകൾ പറഞ്ഞു കൊടുക്കുന്നത് ഇഷ്ടപ്പെടാതിരുന്നത് الله اعلم

ഹദീസ് 1️⃣2️⃣8️⃣
١٢٨ - حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ قَالَ: حَدَّثَنَا مُعَاذُ بْنُ هِشَامٍ قَالَ: حَدَّثَنِي أَبِي، قَتَادَةُ قَالَ: حَدَّثَنا أَنَسُ بْنُ مَالِكٍ: أَنَّ النَّبِيَّ ﷺ وَمُعاذٌ رَدِيفُهُ عَلَى الرَّحْلِ قَالَ: يَا مُعَاذَ بْنَ جَبَلٍ، قَالَ: لَبَّيْكَ يَا رَسُولَ اللَّهِ وَسَعْدَيْكَ، قَالَ: يَا مُعَاذُ، قَالَ: لَبَّيْكَ يَا رَسُولَ اللَّهِ وَسَعْدَيْكَ - ثَلَاثًا - قَالَ: مَا مِنْ أَحَدٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ. قَالَ: يَا رَسُولَ اللَّهِ، أَفَلَا أُخْبِرُ بِهِ النَّاسَ فَيَسْتَبْشِرُوا؟ قَالَ: إِذًا يَتَّكِلُوا. وَأَخْبَرَ بِهَا مُعَاذٌ عِنْدَ مَوْتِهِ تَأَثُّمًا
[الحديث ١٢٨ - طرفه في: ١٢٩]
ആശയ വിവർത്തനം :
അനസു ബ്നു മാലിക് (റ)ൽ നിന്ന് നിവേദനം: മുആദു ബ്നു ജബൽ (റ) നബി (ﷺ)യുടെ കൂടെ, അവിടത്തെ പിറകിലായി ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അന്നേരം നബി (ﷺ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്റെ റസൂലേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ്(റ) മറുപടി നല്കി. ഓ മുആദ്! എന്ന് നബി (ﷺ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് (റ) വീണ്ടും പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തുടർന്ന് നബി (ﷺ) പറഞ്ഞു: "വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും

(لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّه)
സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാൽ അവന്ന് അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല. ഇതു കേട്ടപ്പോള്‍ മുആദ് (റ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ! ഇക്കാര്യം ഞാന്‍ ജനങ്ങളെ  അറിയിക്കട്ടെയോ❓ അങ്ങനെയെങ്കിൽ ആളുകൾക്ക് സന്തുഷ്ടരായിരിക്കാമല്ലോ ❓ അപ്പോൾ  നബി (ﷺ)  പറഞ്ഞു; അങ്ങനെ താങ്കൾ
അറിയിച്ചാല്‍ അതിന്മേലവര്‍ ഭരമേൽപിക്കും ( ഏതായാലും രക്ഷപ്പെടുമല്ലോ എന്ന ധാരണയിൽ സൽകർമ്മങ്ങളിൽ ശ്രദ്ധിക്കാതിരുന്നാലോ എന്ന് ആശയം) പിന്നീട്  മുആദ് (റ) അദ്ദേഹത്തിൻ്റെ മരണം അടുത്ത സമയത്ത് മാത്രമാണ് നബി(ﷺ)യുടെ ഹദീസ് മറച്ചു
വച്ചുവെന്ന കുറ്റം വരരുത് എന്നതിനാൽ ഈ  ഹദീസ് വെളിപ്പെടുത്തിയത്.

ഹദീസ് 1️⃣2️⃣9️⃣
١٢٩ - حَدَّثَنَا مُسَدَّدٌ قَالَ: حَدَّثَنَا مُعْتَمِرٌ قَالَ: سَمِعْتُ أَبِي قَالَ: سَمِعْتُ أَنَسًا قَالَ: ذُكِرَ لِي أَنَّ النَّبِيَّ ﷺ قَالَ لِمُعَاذِ: مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ. قَالَ: أَلَا أُبَشِّرُ النَّاسَ؟ قَالَ: لَا، إِنِّي أَخَافُ أَنْ يَتَّكِلُوا
അനസ്(റ) നിവേദനം: എന്നോട് പറയപ്പെട്ടു (ആരാണ്  പറഞ്ഞത് എന്ന് ഈ റിപ്പോർട്ടിൽ ഇല്ല): നബി (ﷺ) മുആദു ബ്നു ജബൽ ( റ ) നോട്  പറഞ്ഞു: "വല്ലവനും അല്ലാഹുവില്‍ യാതൊന്നും പങ്ക് ചേര്‍ക്കാതെ അവനെ കണ്ടുമുട്ടിയാല്‍ (അതായത് ശിർക്കിൻ്റെ അംശമില്ലാത്ത അവസ്ഥയിൽ മരണപ്പെട്ടാൽ) അവൻ  സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും." അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ❓ അവിടുന്ന് പറഞ്ഞു: "വേണ്ട, ജനങ്ങള്‍ അതിന്മേല്‍ മാത്രം അവലംബിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
🌷🌷🌷🌷🌷
ലഘു വിവരണം:

നബി(ﷺ) യാത്ര ചെയ്തിരുന്ന കഴുതപ്പുറത്ത് തന്നെ പിറകിലായാണ് മുആദ് (റ ) യാത്ര ചെയ്തത്.

ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുർറസൂലുല്ലാഹ് എന്നതാണ്
കലിമതു ശ്ശഹാദത്ത്

ലാ ഇലാഹ ഇല്ലല്ലാഹ് ഉറച്ച് വിശ്വസിക്കുക എന്നതിൽ മുഹമ്മദുർറസൂലുല്ലാഹ് എന്ന ശഹാദത്തും ഉൾക്കൊള്ളുന്നുണ്ട്.

സത്യസന്ധമായി ശഹാദത്ത് ഉച്ചരിച്ചാലേ രക്ഷയുള്ളൂ കപടവിശ്വാസിയുടെയും ശിർക്ക് മനസ്സിൽ വിശ്വസിച്ചും ശഹാദത്ത് കലിമ എത്ര ഉച്ചരിച്ചത് കൊണ്ടും യാതൊരു ഫലവുമില്ല.

മരിച്ചു പോയ മഹാന്മാരോടും മറ്റു പടപ്പുകളോടും നരകമോചനവും പാപമോചനവും തേടുന്നത് ഉൾപ്പെടെയുള്ള ശിർക്കൻ പ്രവർത്തികൾ ശിർക്കല്ല എന്ന് വിശ്വസിക്കുന്നവരുടെ ശഹാദത്ത് ബാത്വിലാണ് ; നിരർഥകമാണ്.

റൂഹ് തൊണ്ടക്കുഴിയിൽ എത്തും മുമ്പേ മാത്രം ചെയ്ത പാപങ്ങളിൽ നിന്ന്  ഖേദിച്ച് തൗബ ചെയ്ത് ശിർക്കിൽ നിന്നും മുക്തനായി ലാ ഇലാഹ ഇല്ലല്ലാഹ് പ്രഖാപിച്ച വ്യക്തിക്കും ഈ സൗഭാഗ്യം ലഭിക്കുന്നതാണ്.

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉറച്ച്  വിശ്വസിച്ച് മരിച്ചയാൾ നരകത്തിൽ പ്രവേശിക്കില്ല എന്നതിൻ്റെ ആശയം ശാശ്വതമായി അയാൾക്ക് നരക വാസം ഉണ്ടാവില്ല എന്നാണ്. എന്നാൽ പാപങ്ങൾ വർദ്ധിച്ച, എന്നാൽ ശിർക്കൊന്നും ചെയ്യാത്ത സത്യവിശ്വാസി തൗബ ചെയ്യുന്നതിന് മുമ്പ് മരിച്ചാൽ ഒന്നുകിൽ അല്ലാഹുവിൻ്റെ ഔദാര്യപ്രകാരം  അല്ലാഹു അയാളെ തീരെ നരകത്തിൽ പ്രവേശിപ്പിക്കാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ അല്ലെങ്കിൽ നിശ്ചിത കാലം നരക ശിക്ഷ അനുഭവിപ്പിച്ച ശേഷം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്യും.

മുആദ് (റ) മരണം അടുത്തപ്പോൾ ഈ ഹദീസ് ജനങ്ങളോട്  പറഞ്ഞത് നബി(ﷺ) ഇത് ജനങ്ങളോട് പറഞ്ഞ് കൊടുക്കേണ്ട എന്ന് വിലക്കിയത് പറഞ്ഞ് കൊടുക്കൽ ഹറാമാണ് എന്ന നിലക്കല്ലെന്നും ഒരു മസ്ലഹത് ഉദ്ദേശിച്ച് മാത്രമാണെന്നും മരിക്കും മുമ്പ് അത് വെളിപ്പെടുത്തിയില്ലെങ്കിൽ വിജ്ഞാനം മറച്ച് വച്ചു എന്ന കുറ്റം ഉണ്ടാവുമെന്നും മനസ്സിലാക്കിയത് കൊണ്ടാണ്.(അബൂ ഹുറൈറ ( റ ) ൽ നിന്നും സമാനമായ ആശയത്തിലുള്ള ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.)

باب الْحَيَاءِ فِي الْعِلْمِ
അറിവിന്റെ കാര്യത്തിൽ ലജ്ജ കാണിക്കൽ സംബന്ധിച്ച അധ്യായം
🌷🌷🌷🌷🌷
وَقَالَ مُجَاهِدٌ لاَ يَتَعَلَّمُ الْعِلْمَ مُسْتَحْيٍ وَلاَ مُسْتَكْبِرٌ.
മുജാഹിദ്(റ) പറഞ്ഞു: ലജ്ജാലുവിനും അഹങ്കാരിക്കും ദീനീ വിജ്ഞാനം  പഠിക്കാൻ കഴിയുകയില്ല.
(അതായത്, അറിവ് നേടുന്നതിന് തടസ്സമാകുന്ന വിധത്തിൽ സംശയം ചോദിക്കുന്നതിൽ നിന്ന് തടയുന്ന ലജ്ജ ആണ് ഇവിടെ ഉദ്ദേശ്യം. സ്തുത്യർഹമായ ലജ്ജ അല്ല ഉദ്ദേശിക്കുന്നത് അത് ഈമാനിൻ്റെ ഭാഗമാണ്).
وَقَالَتْ عَائِشَةُ نِعْمَ النِّسَاءُ نِسَاءُ الأَنْصَارِ لَمْ يَمْنَعْهُنَّ الْحَيَاءُ أَنْ يَتَفَقَّهْنَ فِي الدِّينِ.
ആഇശ(റ) പറഞ്ഞു: സ്ത്രീകളിൽ വച്ച് ഏറ്റവും നല്ല സ്ത്രീകൾ അൻസ്വാരി സ്ത്രീകളാണ്. ദീനീ വിഷയത്തിൽ പ്രാവീണ്യം നേടുന്നതിൽ നിന്ന് ലജ്ജ അവരെ തടഞ്ഞിരുന്നില്ല.
🌷🌷🌷🌷🌷
ലഘു വിവരണം:

ഇവിടെ തഅലീഖ് ആയി ഇമാം ബുഖാരി (റ) കൊടുത്തിട്ടുള്ള മുജാഹിദ് (റ) യുടെ അസറും (اثر) ആഇശ (റ) യുടെ ഹദീസും പൂർണ്ണ പരമ്പര സഹിതം മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.

സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് കാണുക:
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، وَابْنُ، بَشَّارٍ قَالَ ابْنُ الْمُثَنَّى حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنَا شُعْبَةُ، عَنْ إِبْرَاهِيمَ بْنِ الْمُهَاجِرِ، قَالَ سَمِعْتُ صَفِيَّةَ، تُحَدِّثُ عَنْ عَائِشَةَ، أَنَّ أَسْمَاءَ، سَأَلَتِ النَّبِيَّ صلى الله عليه وسلم عَنْ غُسْلِ الْمَحِيضِ فَقَالَ ‏"‏ تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا فَتَطَهَّرُ فَتُحْسِنُ الطُّهُورَ ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ دَلْكًا شَدِيدًا حَتَّى تَبْلُغَ شُئُونَ رَأْسِهَا ثُمَّ تَصُبُّ عَلَيْهَا الْمَاءَ ‏.‏ ثُمَّ تَأْخُذُ فِرْصَةً مُمَسَّكَةً فَتَطَهَّرُ بِهَا ‏"‏ ‏.‏ فَقَالَتْ أَسْمَاءُ وَكَيْفَ تَطَهَّرُ بِهَا فَقَالَ ‏"‏ سُبْحَانَ اللَّهِ تَطَهَّرِينَ بِهَا ‏"‏ ‏.‏ فَقَالَتْ عَائِشَةُ كَأَنَّهَا تُخْفِي ذَلِكَ تَتَبَّعِينَ أَثَرَ الدَّمِ ‏.‏ وَسَأَلَتْهُ عَنْ غُسْلِ الْجَنَابَةِ فَقَالَ ‏"‏ تَأْخُذُ مَاءً فَتَطَهَّرُ فَتُحْسِنُ الطُّهُورَ - أَوْ تُبْلِغُ الطُّهُورَ - ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ حَتَّى تَبْلُغَ شُئُونَ رَأْسِهَا ثُمَّ تُفِيضُ عَلَيْهَا الْمَاءَ ‏"‏ ‏.‏ فَقَالَتْ عَائِشَةُ نِعْمَ النِّسَاءُ نِسَاءُ الأَنْصَارِ لَمْ يَكُنْ يَمْنَعُهُنَّ الْحَيَاءُ أَنْ يَتَفَقَّهْنَ فِي الدِّينِ
ആഇശ (റ) വിൽ നിന്ന് നിവേദനം:
അസ്മാഅ്(റ) നബി(ﷺ) യോട് ആർത്തവ കുളിയെക്കുറിച്ച് ചോദിച്ചു. അപ്പോൾ നബി(ﷺ) പറഞ്ഞു: "വെള്ളവും സിദ്റും അഥവാ താളിയിലയും (പകരം സോപ്പ് പോലുള്ളവ ഉപയോഗിക്കാം ) എടുക്കുക. എന്നിട്ട് നന്നായി ശുദ്ധി വരുത്തുക (ആർത്തവക്കാരി കുളിയുടെ തുടക്കത്തിൽ ഗുഹ്യസ്ഥാനം നന്നായി കഴുകുകയും രക്തത്തിൻ്റെ അടയാളങ്ങൾ നീക്കുകയും വുളൂഉ ചെയ്യുകയും വേണം). ശേഷം തലയിൽ വെള്ളം ഒഴിച്ച്, മുടിയുടെ വേരുകളിൽ എത്തുന്നതു വരെ ശക്തിയായി ഉരയ്ക്കുക. പിന്നീട്  ശരീരമാസകലം വെള്ളം ഒഴിക്കുക. ശേഷം, കസ്തൂരി (അല്ലെങ്കിൽ മറ്റു സുഗന്ധം) പുരട്ടിയ ഒരു തുണിക്കഷണം എടുത്ത് അതുപയോഗിച്ച് ശുദ്ധിയാക്കുക." ഇത് കേട്ടപ്പോൾ അസ്മാഅ് ചോദിച്ചു: "അതെങ്ങനെയാണ് ശുദ്ധിയാക്കേണ്ടത്❓"
നബി(ﷺ) പറഞ്ഞു: "സുബ്ഹാനല്ലാഹ്! അതുപയോഗിച്ച് ശുദ്ധിയാക്കുക."
അപ്പോൾ ആഇശ (റ) പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: "രക്തത്തിന്റെ അടയാളം നീ ആ തുണിക്കഷണം  കൊണ്ട് നീക്കം ചെയ്യുക." തുടർന്ന് അസ്മാഉ (റ)
നബി(ﷺ) യോട്  ജനാബത്തിന്റെ കുളിയെക്കുറിച്ച് (അതായത് ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തിക്ക് നിർബന്ധമായ കുളി ) ചോദിച്ചു. അപ്പോൾ നബി(ﷺ) ഇപ്രകാരം മറുപടി പറഞ്ഞു:
"വെള്ളമെടുത്ത് നന്നായി ശുദ്ധി വരുത്തുക. (കുളിയുടെ തുടക്കത്തിൽ ഗുഹ്യസ്ഥാനം നന്നായി കഴുകുകയും നജസുകൾ നീക്കുകയും വുളൂഉ ചെയ്യുകയും വേണം). ശേഷം തലയിൽ വെള്ളം ഒഴിച്ച്, മുടിയുടെ വേരുകളിൽ എത്തുന്നതു വരെ ശക്തിയായി ഉരയ്ക്കുക. പിന്നീട്  ശരീരമാസകലം വെള്ളം ഒഴിക്കുക.
അപ്പോൾ ആഇശ(റ) പറഞ്ഞു: "അൻസാരി സ്ത്രീകളെപ്പോലെ നല്ല സ്ത്രീകളില്ല. ദീനിന്റെ കാര്യങ്ങൾ പഠിക്കാൻ അവർക്ക് ലജ്ജ തടസ്സമായിരുന്നിട്ടില്ല."

ലഘു വിവരണം :
*കുളിയുടെ ലഘുവായ രൂപം*

നിയ്യത്തോട് കൂടി ശരീരം മുഴുവൻ വെള്ളം എത്തിക്കുക

*കുളിയുടെ പൂർണ്ണമായ രൂപം*

ഞാൻ വലിയ അശുദ്ധിയിൽ (حدث الأكبر) നിന്ന് ശുദ്ധിയാവാൻ വേണ്ടി കുളിക്കുന്നു എന്നത് പോലുള്ള നിയ്യത്ത് മനസ്സിൽ കരുതുക ( സുന്നത്തായ കുളി ആണെങ്കിൽ സുന്നത്തായ കുളി എന്ന് കരുതിയാൽ മതി)

ബിസ്മില്ലാഹ് എന്ന് ചൊല്ലുക (ചിലർ ഇത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്)

രക്തം, മനിയ്യ് പോലുള്ളവ കഴുകി നീക്കിക്കളയുക

സുന്നത്തുകൾ ഉൾപ്പെടെ പാലിച്ചു കൊണ്ട് പൂർണ്ണമായ വുളൂഉ ചെയ്യുക

തലയിൽ മൂന്ന് തവണ വെള്ളം ഒഴിക്കുക - തല മുടിയുടെ മുരട്ടിൽ വരെ വെള്ളം എത്തിക്കുകയും തല  ഉരയ്ക്കുകയും ചെയ്യുക

വലതു ഭാഗത്തേക്ക് മൂന്ന് തവണ വെള്ളം ഒഴിക്കുക

ഇടത് ഭാഗത്തേക്ക് മൂന്ന് തവണ വെള്ളം ഒഴിക്കുക

ശരീരം മുഴുവൻ ഉരയ്ക്കുക

വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുക ( വുളൂഇൽ ഇത് ചെയ്തിട്ടുണ്ടെങ്കിൽ അത് മതിയാകും. ഇത് രണ്ടും (المضمضة والإستنشاق) സുന്നത്താണെന്നാണ് ഭൂരിപക്ഷാഭിപ്രായം; നിർബന്ധമാണെന്ന അഭിപ്രായം പരിഗണിക്കലാണ് സൂക്ഷ്മത.

ചെവികളുടെ മടക്കുകൾ, കഴുത്ത്, കക്ഷം, പൊക്കിളിൻ്റെ ഉള്ള്, കൈകാൽ മുട്ടുകളിലെ ചുളിഞ്ഞ ഭാഗങ്ങൾ, ചന്തിയുടെ ഇട എന്നിങ്ങനെ ചുളിഞ്ഞതും മടക്കുള്ളതുമായ ഭാഗങ്ങൾ സൂക്ഷിച്ച് കഴുകുക - എന്നാൽ ഇതിൽ വസ്വാസ് വേണ്ട.

ആർത്തവക്കുളി കുളിക്കുന്നവൾ
വെള്ളത്തിൽ താളി പോലുള്ളത് ചേർക്കലും
തല പ്രത്യേകം നന്നായി ഉരച്ച് കഴുകലും  കുളിയുടെ അവസാനം ഗുഹ്യ സ്ഥാനത്ത് കസ്തൂരി പോലുള്ള സുഗന്ധം ഉപയോഗിക്കലും പ്രത്യേകം സുന്നത്തുണ്ട്.

കുളിയുടെ തുടക്കത്തിൽ എടുത്ത വുളൂഉ കുളിക്ക് ഇടയിൽ മുറിഞ്ഞിട്ടില്ലെങ്കിൽ അവൻ / അവൾ വുളൂഉ ഉള്ളയാളാണ്.

ഹദീസ് 1️⃣3️⃣0️⃣
١٣٠ حَدَّثَنَا مُحَمَّدُ بْنُ سَلَامٍ قَالَ: أَخْبَرَنَا أَبُو مُعَاوِيَةَ قَالَ: حَدَّثَنَا هِشَامُ، عَنْ أَبِيهِ، عَنْ زَيْنَبَ ابْنَةِ أُمِّ سَلَمَةَ، عَنْ أُمِّ سَلَمَةَ قَالَتْ: جَاءَتْ أُمُّ سُلَيْمٍ إِلَى رَسُولِ اللَّهِ ﷺ، فَقَالَتْ: يَا رَسُولَ اللَّهِ، إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ، فَهَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا احْتَلَمَتْ؟ قَالَ النَّبِيُّ ﷺ: إِذَا رَأَتْ الْمَاءَ. فَغَطَّتْ أُمُّ سَلَمَةَ - تَعْنِي وَجْهَهَا - وَقَالَتْ: يَا رَسُولَ اللَّهِ، وَتَحْتَلِمُ الْمَرْأَةُ؟ قَالَ: نَعَمْ، تَرِبَتْ يَمِينُكِ، فَبِمَ يُشْبِهُهَا وَلَدُهَا؟ [الحديث ١٣٠ - أطرافه في: ٦١٢١، ٦٠٩١، ٣٣٢٨، ٢٨٢]
ആശയ വിവർത്തനം :
ഉമ്മു സലമ(റ) ൽ നിന്ന്  നിവേദനം: ഒരിക്കൽ ഉമ്മു സുലൈം (റ) അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ,  സത്യം അന്വേഷിച്ചറിയുന്നതിൽ അല്ലാഹു  ലജ്ജ ബാധകമാക്കിയിട്ടില്ല . സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ❓ നബി(ﷺ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) നാണം കാരണം അവരുടെ മുഖം മറക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു : "അല്ലാഹുവിന്റെ റസൂലേ, സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ⁉️"  നബി(ﷺ) പറഞ്ഞു: "അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്❓ അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ❓"
🌷🌷🌷🌷🌷
ലഘു വിവരണം :

ദീനീ വിജ്ഞാനം അന്വേഷിക്കുന്ന വിഷയത്തിൽ ലജ്ജ അല്ലാഹു ആവശ്യപ്പെടുന്നില്ല എന്ന് ഉമ്മു സുലൈം ( റ ) ആമുഖമായി പറഞ്ഞത് സ്ത്രീകൾ അന്യപുരുഷൻമാരുടെ സാന്നിധ്യത്തിൽ ചോദിക്കാൻ ലജ്ജിക്കുന്ന കാര്യമാണ് അവർ ചോദിക്കാൻ പോകുന്നത് എന്നത് കൊണ്ടാണ്.

സ്വപ്നത്തിൽ സംഭോഗം ചെയ്യുന്നതായി കണ്ടത് കൊണ്ട് മാത്രം കുളി നിർബന്ധമാവില്ല. എന്നാൽ ഉണരുമ്പോൾ സ്ഖലനം സംഭവിച്ചിരുന്നതായി ബോധ്യപ്പെട്ടാൽ കുളി നിർബന്ധമാണ്. ഇത് പുരുഷനും സ്ത്രീക്കും ബാധകമാണ്.

സ്ത്രീക്ക്  സ്വപ്ന സ്ഖലനം ഉണ്ടായി കണ്ടാൽ അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം എന്ന് നബി(ﷺ) പറഞ്ഞപ്പോൾ നബി പത്നി ഉമ്മു സലമ (റ) മുഖം മറച്ചത് ലജ്ജ കാരണമാണ്. ആഇശ (റ) യും അവിടെ ഉണ്ടായിരുന്നു വെന്നും അവരും നാണത്താൽ മുഖം മറച്ചു എന്ന് മറ്റൊരു റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നുണ്ട്.

മഞ്ഞ കലർന്ന നേർത്ത ദ്രവമാണ് സ്ത്രീയുടെ മനിയ്യ്. ചിലപ്പോൾ വെള്ള നിറമായിരിക്കും . ഇത് മദ്യ് ( മദന ജലം) അല്ല. മനിയ്യ് പുറപ്പെടുമ്പോൾ സ്ത്രീക്ക് അതിയായ ആനന്ദമുണ്ടാകുന്നത് കൂടാതെ അതിൻ്റെ ഉടനെ അവൾ ക്ഷീണിക്കുകയും ചെയ്തേക്കും.

സ്ത്രീയിലും പുരുഷനിലും പല തരത്തിലുള്ള ദ്രവങ്ങൾ സല്ലാപ- സംഭോഗ സമയങ്ങളിലും അല്ലാത്തപ്പോഴും സ്രവിപ്പിക്കപ്പെടുന്നുണ്ട്.
1. മനിയ്യ് (مني) ശക്തമായ ലൈംഗിക വികാരമുള്ളപ്പോൾ ശക്തിയായും തെറിച്ചു തെറിച്ചും പുറപ്പെടുന്ന വെളുത്ത കട്ടിയുള്ള പ്രത്യേക ഗന്ധമുള്ള ദ്രാവകം. പുരുഷൻ്റെ മനി യ്യിലാണ് പുംബീജ കോശങ്ങൾ (Sperms ) ഉള്ളത്.
സംഭോഗത്തിന് ശേഷം ഈ ദ്രവത്തിലെ പുംബീജങ്ങളിൽ ഒന്ന് (സാധാരണഗതിയിൽ ഒന്ന്)  സ്ത്രീയുടെ അണ്ഡാശയത്തിൽ (ovary) നിന്ന് പുറപ്പെടുന്ന സ്ത്രീ  ബീജ കോശമായ അണ്ഡവുമായി (ovum) ചേർന്ന് സിക്താണ്ഡം (zygote) രൂപപ്പെടുന്ന പ്രക്രിയയാണ് ഭ്രൂണ ശാസ്ത്രപരമായി ബീജ സങ്കലനം (fertilization) എന്ന് അറിയപ്പെടുന്നത്. (ഈ ഘട്ടം വരെ ഖുർആൻ പരാമർശിക്കുന്ന നുത്വഫ  (نطفة) ഘട്ടമായിരിക്കാം
الله اعلم
തുടർന്ന് സിക്താണ്ഡം ഗർഭപാത്രത്തിലെത്തി അതിൻ്റെ ഉൾഭിത്തിയിൽ പറ്റിപ്പിടിച്ച് ഒരു ഗർഭസ്ഥ ശിശുവായി വളരുന്നു - പറ്റി പിടിക്കുന്ന ഈ ഘട്ടം ഖുർആൻ പറയുന്ന അലഖ : (علقة) ഘട്ടമായിരിക്കാം الله اعلم

2 . മദ്യ് അഥവാ മദന ജലം (مذي)
- ഇത് സല്ലാപ സമയത്തും ലൈംഗിക ചിന്തകളുടെ സമയത്തും പുറപ്പെടുന്ന നേർത്ത ഒരു ദ്രവമാണ്
  3. വദ്യ് (ودي) ഇതിന് ലൈംഗിക വികാരവുമായി ബന്ധമില്ല സാധാരണയായി മൂത്രം ഒഴിച്ച ശേഷം പുറപ്പെടുന്ന വെളുത്ത ഒരു ദ്രവമാണ് ഇത്.
- മനിയ്യ് പുറപ്പെട്ടാൽ കുളി നിർബന്ധമാണ്. മദ്യോ വദ്യോ ആണെങ്കിൽ പുറപ്പെട്ട സ്ഥലം കഴുകി വുളൂഉ ചെയ്താൽ മതി.

കുട്ടിയുടെ പാരമ്പര്യ സ്വഭാവങ്ങൾ
(hereditary characters) നിർണ്ണയിക്കുന്നതിൽ പുരുഷനോടൊപ്പം സ്ത്രീക്കും പങ്കുണ്ടെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു ഇത് ആധുനിക ഭ്രൂണശാസ്ത്രത്തിൻ്റേയും (embryology) ജനിതക ശാസ്ത്രത്തിൻ്റെയും ( genetics) കണ്ടെത്തലുകളോട് യോജിക്കുന്നു.
🌹🌹🌹🌹🌹

ഹദീസ് 1️⃣3️⃣1️⃣
١٣١ - حَدَّثَنَا إِسْمَاعِيلُ قَالَ: حَدَّثَنِي مَالِكٌ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ ﷺ قَالَ: إِنَّ مِنْ الشَّجَرِ شَجَرَةً لَا يَسْقُطُ وَرَقُهَا، وَهِيَ مَثَلُ الْمُسْلِمِ، حَدِّثُونِي مَا هِيَ؟ فَوَقَعَ النَّاسُ فِي شَجَرِ الْبَادِيَةِ، وَوَقَعَ فِي نَفْسِي أَنَّهَا النَّخْلَةُ، قَالَ عَبْدُ اللَّهِ: فَاسْتَحْيَيْتُ. فَقَالُوا: يَا رَسُولَ اللَّهِ، أَخْبِرْنَا بِهَا. فَقَالَ رَسُولُ اللَّهِ ﷺ: هِيَ النَّخْلَةُ. قَالَ عَبْدُ اللَّهِ: فَحَدَّثْتُ أَبِي بِمَا وَقَعَ فِي نَفْسِي، فَقَالَ: لَأَنْ تَكُونَ قُلْتَهَا أَحَبُّ إِلَيَّ مِنْ أَنْ يَكُونَ لِي كَذَا وَكَذَا.
ആശയ വിവർത്തനം :

ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "മരങ്ങളുടെ കൂട്ടത്തിൽ ഒരു മരമുണ്ട്. അതിന്റെ  ഇല കൊഴിഞ്ഞു പോകുകയില്ല. അത് മുസ്‌ലിമിനെ പോലെയാണ്. ആ മരം ഏതാണെന്ന് നിങ്ങളെനിക്ക് പറഞ്ഞുതരിക". അപ്പോൾ ജനങ്ങളുടെ ചിന്ത മലഞ്ചെരുവിലെ വൃക്ഷങ്ങളിൽ പതിഞ്ഞു. ഇബ്നു ഉമർ (റ) പറയുകയാണ്: "ഈത്തപ്പനയാണ് ആ മരം എന്ന് എന്റെ മനസ്സിൽ തോന്നി. പക്ഷേ അത് പറയാൻ എനിക്ക് ലജ്ജ തോന്നി". പിന്നീട് സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ആ മരം ഏതെന്ന് ഞങ്ങൾക്ക് പറഞ്ഞുതന്നാലും". അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു : "അത് ഈത്തപ്പനയാണ്". ഇബ്നു ഉമർ (റ) പറയുന്നു: എന്റെ മനസ്സിൽ അങ്ങനെ തോന്നിയിരുന്നുവെന്ന്  എന്റെ പിതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "നീ അത് പറഞ്ഞിരുന്നുവെങ്കിൽ, നീ എനിക്ക് ഇപ്പോഴുള്ളതിനേക്കാൾ പ്രിയങ്കരനാകുമായിരുന്നു".
🌷🌷🌷🌷
ഉമർ (റ) അദ്ദേഹത്തിൻ്റെ മകൻ്റെ ദീനീ വിജ്ഞാനത്തിലുള്ള ഗ്രാഹ്യത മറ്റുള്ളവർ അറിയുന്നതിൽ അഭിമാനം കൊള്ളുന്നത് ഇഷ്ടപ്പെട്ടു  എന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഇത് അഹങ്കാരമല്ല.

മക്കൾ ദീനീ വിജ്ഞാനത്തിൽ കൂടുതൽ ഗ്രാഹ്യതയും നൈപുണ്യവും നേടുന്നത് ഏതൊരു മുസ്ലിമിനും അഭിമാനകരമായ സംഗതിയാണ്.

باب مَنِ اسْتَحْيَا فَأَمَرَ غَيْرَهُ بِالسُّؤَالِ
ലജ്ജ നിമിത്തം മറ്റൊരാളെ ചോദിക്കാൻ ചുമതലപ്പെടുത്തൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣3️⃣2️⃣
١٣٢ - حَدَّثَنَا مُسَدَّدٌ قَالَ: حَدَّثَنَا عَبْدُ اللَّهِ بْنُ دَاوُدَ، عَنْ الْأَعْمَشِ، عَنْ مُنْذِرٍ الْثَّوْرِيِّ، عَنْ مُحَمَّدِ ابْنِ الْحَنَفِيَّةِ، عَنْ عَلِيِّ قَالَ: كُنْتُ رَجُلًا مَذَّاءً، فَأَمَرْتُ الْمِقْدَادَ أَنْ يَسْأَلَ النَّبِيَّ ﷺ، فَسَأَلَهُ، فَقَالَ: فِيهِ الْوُضُوءُ.[الحديث أطرافه في: ٢٦٩، ١٧٨]
ആശയ വിവർത്തനം :
അലി(റ)വിൽ നിന്ന് നിവേദനം: ലൈംഗിക വികാരമുള്ളപ്പോൾ   മദന ജലം അധികമുള്ള ഒരാളായിരുന്നു ഞാന്‍. തന്നിമിത്തം നബി(ﷺ) യോട് അതിന്റെ മതവിധി ചോദിക്കാന്‍ മിഖ്ദാദ് (റ) നോട്  ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചപ്പോൾ നബി (ﷺ) പറഞ്ഞു : അങ്ങനെയുണ്ടാവുമ്പോള്‍ വുദൂഉ ചെയ്താല്‍ മതി. (കുളിക്കേണ്ടതില്ല.)
🌷🌷🌷🌷🌷
ലഘു വിവരണം :

അലി (റ) ഈ സംശയ നിവാരണം നടത്തുമ്പോൾ അലി (റ) വും   സദസ്സിലുണ്ടായിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ സൂചനയുണ്ട്.

അമ്മാർ ( റ ) നെയും ഈ സംശയം ചോദിക്കാൻ അലി ( റ ) ഏൽപ്പിച്ചതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ഒരു റിപ്പോർട്ടിൽ
كُنْتُ رَجُلًا مَذَّاءً فَجَعَلْتُ أَغْتَسِلُ حَتَّى تَشَقَّقَ ظَهْرِي
"ഞാൻ വളരെ കൂടുതൽ മദന ജലമുള്ള ഒരു വ്യക്തിയായിരുന്നു ; ഞാൻ കുളിച്ച് കുളിച്ച് എൻ്റെ പുറം പൊളിയുമായിരുന്നു ( ഇതൊരു ആലങ്കാരിക പ്രയോഗമാണ് )" എന്ന് അലി ( റ ) പറഞ്ഞതായി ഒരു റിപ്പോർട്ടിൽ കാണാം .

അലി ( റ ) ആദ്യം വിചാരിച്ചിരുന്നത് മദ്യ് പുറപ്പെട്ടാൽ കുളിക്കണമെന്നായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം മദ്യ് പുറപ്പെടുമ്പോഴെല്ലാം കുളിച്ചത്. എന്നാൽ മനിയ്യ് പുറപ്പെട്ടാലാണ് കുളിക്കേണ്ടതെന്നും മദ്യ് പുറപ്പെട്ടാൽ ലിംഗം കഴുകിയ ശേഷം വുളൂഉ ചെയ്താൽ മതിയെന്നും നബി(ﷺ) അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു

باب ذِكْرِ الْعِلْمِ وَالْفُتْيَا فِي الْمَسْجِدِ
മസ്ജിദിൽ വച്ച് ഫത്‌വ നൽകലും അറിവു നൽകലും സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣3️⃣3️⃣
١٣٣ - حَدَّثَنِي قُتَيْبَةُ بْنُ سَعِيدٍ قَالَ: حَدَّثَنَا اللَّيْثُ بْنُ سَعْدٍ قَالَ: حَدَّثَنَا نَافِعٌ مَوْلَى عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ، عَنْ عَبْدِ اللَّهِ بْنِ عُمَرَ: أَنَّ رَجُلًا قَامَ فِي الْمَسْجِدِ فَقَالَ: يَا رَسُولَ اللَّهِ، مِنْ أَيْنَ تَأْمُرُنَا أَنْ نُهِلَّ؟ فَقَالَ رَسُولُ اللَّهِ ﷺ: يُهِلُّ أَهْلُ الْمَدِينَةِ مِنْ ذِي الْحُلَيْفَةِ، وَيُهِلُّ أَهْلُ الشَّامِ مِنْ الْجُحْفَةِ، وَيُهِلُّ أَهْلُ نَجْدٍ مِنْ قَرْنٍ. وَقَالَ ابْنُ عُمَرَ: وَيَزْعُمُونَ أَنَّ رَسُولَ اللَّهِ ﷺ قَالَ: وَيُهِلُّ أَهْلُ الْيَمَنِ مِنْ يَلَمْلَمَ. وَكَانَ ابْنُ عُمَرَ يَقُولُ: لَمْ أَفْقَهْ هَذِهِ مِنْ رَسُولِ اللَّهِ ﷺ.
[الحديث ١٣٣ - أطرافه في: ٧٣٣٤، ١٥٢٨، ١٥٢٧، ١٥٢٥، ١٥٢٢ ]
അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: ഒരാൾ മസ്ജിദിൽ എഴുന്നേറ്റുനിന്ന് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ എവിടെ വച്ച് ഇഹ്റാമിൽ പ്രവേശിക്കാനാണ് അങ്ങ് കൽപ്പിക്കുന്നത്❓". അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "മദീനക്കാർ ദുൽഹുലൈഫയിൽ വച്ചും, ശാമുകാർ (സിറിയക്കാർ) ജുഹ്ഫയിൽ വച്ചും, നജ്ദു കാർ  ഖർനിൽ വച്ചും ഇഹ്റാമിൽ പ്രവേശിക്കണം."
ഇബ്നു ഉമർ (റ) പറയുന്നു: യമൻകാർ യലംലമിൽ  വച്ച് ഇഹ്റാമിൽ പ്രവേശിക്കണമെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടെന്ന് ആളുകൾ പറയാറുണ്ടായിരുന്നു. ഇബ്നു ഉമർ (റ) പറയുന്നു: അക്കാര്യം അല്ലാഹുവിന്റെ  റസൂലിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടില്ല. (കേട്ടിട്ടില്ല).
⬇️⬇️⬇️⬇️
ശ്രദ്ധിക്കുക :
യമൻകാർ ( അതു വഴി വരുന്നവരും ) യലംലമിൽ വച്ച് തന്നെയാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത് എന്ന് മറ്റു ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്
🌷🌷🌷🌷🌷
باب مَنْ أَجَابَ السَّائِلَ بِأَكْثَرَ مِمَّا سَأَلَهُ
ചോദിച്ചതിൽ കൂടുതൽ ചോദ്യകർത്താവിന് ഉത്തരം നൽകൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣3️⃣4️⃣
١٣٤ - حَدَّثَنَا آدَمُ قَالَ: حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ نَافِعٍ، عَنْ ابْنِ عُمَرَ، عَنْ النَّبِيِّ ﷺ.
وَعَنْ الزُّهْرِيِّ، عَنْ سَالِمٍ، عَنْ ابْنِ عُمَرَ، عَنْ النَّبِيِّ ﷺ أَنَّ رَجُلًا سَأَلَهُ: مَا يَلْبَسُ الْمُحْرِمُ؟ فَقَالَ: لَا يَلْبَسُ الْقَمِيصَ وَلَا الْعِمَامَةَ وَلَا السَّرَاوِيلَ وَلَا الْبُرْنُسَ، وَلَا ثَوْبًا مَسَّهُ الْوَرْسُ أَوْ الزَّعْفَرَانُ، فَإِنْ لَمْ يَجِدْ النَّعْلَيْنِ فَلْيَلْبَسْ الْخُفَّيْنِ، وَلْيَقْطَعْهُمَا حَتَّى يَكُونَا تَحْتَ الْكَعْبَيْنِ.[الحديث ١٣٤ - أطرافه في: ٥٨٥٢، ٥٨٤٧، ٥٨٠٦، ٥٨٠٥، ٥٨٠٣، ٥٧٩٤، ١٨٤٢، ١٨٣٨، ١٥٤٢، ٣٦٦]
ആശയ വിവർത്തനം :

അബ്ദുല്ലാഹിബ്നു ഉമര്‍(റ) വിൽ നിന്ന് നിവേദനം: ഇഹ്റാമിൽ പ്രവേശിച്ചവൻ ഏതു വിധ വസ്ത്രമാണ് ധരിക്കേണ്ടതെന്ന് നബി (ﷺ) യോട് ഒരാൾ ചോദിച്ചു. അപ്പോൾ നബി (ﷺ) പറഞ്ഞു: കുപ്പായമോ (ഖമീസ്വ്) തലപ്പാവോ പൈജാമയോ തൊപ്പിയോ, വർസോ, സഅ്ഫറാനോ മുക്കിയ വസ്ത്രമോ ധരിക്കരുത്. ചെരുപ്പ് കിട്ടിയില്ലെങ്കിൽ ഖുഫ്ഫ ധരിക്കണം. ഞെരിയാണിക്കു  താഴെ  വച്ച് (ഞെരിയാണി വരെ മതി) ഖുഫ്ഫയുടെ  മിതെയുള്ള ഭാഗം മുറിച്ചു കളയണം.
🔴🔴🔴🔴🔴
ലഘു വിവരണം

ഹജ്ജ് / ഉംറയുടെ നുസുകുകളിൽ പ്രവേശിക്കുന്നതിനുള്ള നിയ്യത്താണ് ഇഹ്റാം.

ഇഹ്റാമിൽ പ്രവേശിക്കുന്നതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്തിനാണ് മീഖാത്ത് എന്ന് പറയുക. ദുൽഹുലൈഫ, ജുഹ്ഫ, യലംലം, ഖർനുൽ മനാസിൽ, ദാത്തു ഇർഖ് എന്നിങ്ങനെ അഞ്ച് മീഖാത്തുകളാണ്.

ഉടുക്കാൻ ഒരു തുണിയും പുതക്കാൻ ഒരു തുണിയുമാണ് ഇഹ്റാമിൽ പ്രവേശിച്ച പുരുഷന് ആവശ്യമായ വസ്ത്രം.  കാൽപാദത്തിന്റെ മുകൾ മൂടാത്ത ചെരുപ്പും അനുവദനീയം.

നഖവും മുടിയും മുറിക്കുക, സുഗന്ധം പൂശുക, തുന്നിയ വസ്ത്രം (Stiched clothes ) ധരിക്കുക , പുരുഷൻ തല മറക്കുക, വേട്ടയാടുക , സംഭോഗം ചെയ്യുക , നികാഹ് ചെയ്യുക, സ്ത്രീ സല്ലാപം എന്നിവയെല്ലാം ഇഹ്റാമിൽ പ്രവേശിച്ച വ്യക്തിക്ക് ഹറാമാണ്.

സ്ത്രീകൾക്ക് മുഖവും മുൻകൈകളും ഒഴികെ മറക്കുന്ന വസ്ത്രമാണ് ഇഹ്റാമിൻ്റെ വേഷം

ഇഹ്റാമിന് ശേഷം തൽബിയത് ചൊല്ലണം . തൽബിയത് വർദ്ധിപ്പിക്കൽ സുന്നത്താണ്.

തൽബിയത്തിൻ്റെ വചനങ്ങൾ :
لَبَّيْكَ اللَّهُمَّ لَبَّيْكَ،
لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ
إِنَّ الْحَمْدَ والنِّعْمَة لَكَ والمُلْكُ،لَا شَرِيكَ لَكَ
(അല്ലാഹുവേ,
ഞാൻ നിനക്ക് ഉത്തരം നൽകിയിരിക്കുന്നു. ഞാൻ നിനക്ക് ഉത്തരം നൽകിയിരിക്കുന്നു.
ഞാൻ നിനക്ക് ഉത്തരം നൽകിയിരിക്കുന്നു, നിനക്ക് പങ്കുകാരില്ല, ഞാൻ നിനക്ക് ഉത്തരം നൽകിയിരിക്കുന്നു.
തീർച്ചയായും സ്തുതിയും അനുഗ്രഹവും നിനക്കുള്ളതാണ്, ആധിപത്യവും നിനക്ക് തന്നെ. നിനക്ക് പങ്കുകാരില്ല.)

ഇഹ്റാമിൻ്റെ വേഷം സംബന്ധിച്ച ചോദ്യത്തിന് നബി(ﷺ) ഇഹ്റാമിൽ പാടില്ലാത്ത വസ്ത്രങ്ങൾ സംബന്ധിച്ച അൽപം വിശദമായ മറുപടി നൽകി. പണ്ഡിതനോട് ഒരു സംശയം / ചോദ്യം ചോദിച്ചാൽ ആ ചോദ്യത്തിന് വിശദമായ മറുപടി പറയാതെ ചുരുക്കി ഉത്തരം പറഞ്ഞാൽ ചോദ്യകർത്താവ് ഉത്തരം തെറ്റായി മനസ്സിലാക്കാൻ സാധ്യതയുണ്ടെങ്കിൽ ഉത്തരം കൂടുതൽ വ്യക്തമായും വിശദമായും പറയൽ അനിവാര്യമാണ്
🌷🌷🌷🌷🌷
*സ്വഹീഹുൽ ബുഖാരിയിലെ കിതാബുൽ ഇൽമ് ഇതോടെ അവസാനിച്ചു.*
🌹🌹🌹🌹🌹